ലോക്പാല്‍ ബില്‍: പൊതുസമൂഹത്തിന്റെ അഭിപ്രായം തേടും
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ തയ്യാറാക്കുന്നതിനുള്ള സംയുക്തസമിതി പൊതുസമൂഹത്തിന്റെ അഭിപ്രായം തേടും. ശനിയാഴ്ച മന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ അഞ്ചുപേരും കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികളായ അഞ്ചുമന്ത്രിമാരും അടങ്ങുന്നതാണ് സമിതി. ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ പാസാക്കാനാകുമെന്ന് ഇരുപക്ഷവും യോഗത്തിനുശേഷം പ്രത്യാശ പ്രകടിപ്പിച്ചു. അടുത്തയോഗം മെയ് രണ്ടിനാണ്. ബില്ല് തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ എപ്രകാരം ആവണമെന്ന് അടുത്തയോഗത്തില്‍ തീരുമാനിക്കും. മെയ് രണ്ടിനുശേഷം എല്ലാ ആഴ്ചയും യോഗം ചേരും. യോഗത്തിന്റെ നടപടികള്‍ ശബ്ദലേഖനം ചെയ്യുന്നുണ്ട്. നടപടികളുടെ വീഡിയോ റെക്കോഡിങ് നടത്തുകയും ചര്‍ച്ച സംപ്രേഷണംചെയ്യുകയും വേണമെന്ന പൊതുസമൂഹപ്രതിനിധികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.
തങ്ങള്‍ നേരത്തേ നല്‍കിയ കരടുബില്‍ ചര്‍ച്ചയ്ക്ക് അടിസ്ഥാനമാക്കണമെന്ന് പൗരസമൂഹത്തിന്റെ പ്രതിനിധികള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ശനിയാഴ്ച അവരുടെ ഭാഗത്തുനിന്ന് കടുംപിടിത്തമുണ്ടായില്ല. ഇരുകൂട്ടരും തങ്ങളുടെ കരടുകള്‍ കൈമാറി. പൗരസമൂഹത്തിന്റെ പരിഷ്‌കരിച്ച കരടില്‍ നേരത്തേതില്‍നിന്ന് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ലോക്പാലിനെ തിരഞ്ഞെടുക്കുന്ന സമിതിയുടെ ഘടനസംബന്ധിച്ചുള്ളതാണ് ഈ മാറ്റം. രാജ്യസഭാ അധ്യക്ഷന്‍, ലോക്‌സഭാ സ്പീക്കര്‍ എന്നിവര്‍ക്കുപകരം പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരെയാണ് പുതിയ കരടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവരെക്കൂടി ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന മുന്‍ നിലപാട് പൗരസമൂഹത്തിന്റെ പ്രതിനിധികള്‍ ശനിയാഴ്ചത്തെ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.
ജഡ്ജിമാരുടെ കുറ്റകരമായ പെരുമാറ്റദൂഷ്യങ്ങള്‍ മാത്രമേ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂവെന്ന് സമിതി അംഗമായ സാമൂഹിക പ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ജഡ്ജിമാരുടെ പ്രൊഫഷണല്‍ പെരുമാറ്റദൂഷ്യങ്ങള്‍ ലോക്പാല്‍ അന്വേഷിക്കേണ്ടതില്ല. വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുമായും കൂടിയാലോചന നടത്തുമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അഴിമതിക്കെതിരായ ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അത് പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷന്‍പ്രകാരം ശക്തമായ ലോക്പാല്‍ നിയമം ആവശ്യമാണ്. ഇരുവിഭാഗവും കരട് സംബന്ധിച്ച് തങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിച്ചുവെന്ന് മന്ത്രി കപില്‍സിബല്‍ പറഞ്ഞു. പൗരസമൂഹത്തിന്റെ പ്രതിനിധികള്‍ സമര്‍പ്പിച്ച കരടില്‍ വളരെ പ്രാധാന്യമേറിയ നിര്‍ദേശങ്ങളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, മന്ത്രി സിബല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ലോക്പാല്‍ ബില്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമൊന്നുമായിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ലോക്പാല്‍ സമിതിയില്‍ പൊതുസമൂഹത്തില്‍നിന്നുള്ളവര്‍ മാത്രം പോരെന്നും രാഷ്ട്രീയപ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌സിങ് പറഞ്ഞു.
We the people of Kerala dedicate ourselves against corruption and for the stabilisation of democratic system beyond caste, creed, religion and party politics.
കേരളത്തില്‍ ജില്ലകള്‍ തോറും അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണം അനിവാര്യമാണ്. സഹകരിക്കുവാന്‍ സന്മനസ്സുള്ളവര്‍ കെ. ഭാസ്കരന്‍ - 9447416577, എസ്. ചന്ദ്രശേഖരന്‍ നായര്‍ - 9447183033 എന്ന ടെലഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. Email: news.kac@gmail.com
Monday, 18 April 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment