കേരളത്തില്‍ ജില്ലകള്‍ തോറും അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണം അനിവാര്യമാണ്. സഹകരിക്കുവാന്‍ സന്മനസ്സുള്ളവര്‍ കെ. ഭാസ്കരന്‍ - 9447416577, എസ്. ചന്ദ്രശേഖരന്‍ നായര്‍ - 9447183033 എന്ന ടെലഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. Email: news.kac@gmail.com

Thursday, 13 October 2011

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് റെയിഡ്

തിരുവനന്തപുരം - സംസ്ഥാനത്തെ റവന്യൂ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ ബുധനാഴ്ച നടന്ന വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ അഴിമതിയും കൈക്കൂലിയും വ്യാപകമാണെന്നും ഇതിനെതിരേയുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പോലും വ്യാപകമായി ലംഘിക്കപ്പെട്ടതായും കണ്ടെത്തി. വിജിലന്‍സ് ഡയറക്ടറുടെ ചുമതലയുള്ള എന്‍. ശങ്കര്‍ റെഡ്ഢിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഓപ്പറേഷന്‍ മെഷറിങ് ടേപ്പ് എന്ന പേരിലുള്ള റെയിഡ് നടന്നത്.
ആയിരക്കണക്കിന് അപേക്ഷകള്‍ സംസ്ഥാനത്തിന്റെ വിവിധ ഓഫീസുകളിലായി കെട്ടിക്കിടക്കുകയാണെന്നും ഇവയ്ക്കൊന്നും രസീതുകള്‍ നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ നേരാംവണ്ണം സൂക്ഷിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഉത്തരവ് നിലവിലുണ്ടായിട്ടുപോലും ഇവ പാടെ തിരസ്കരിക്കുകയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫയലുകള്‍ പൂഴ്ത്തി വെച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
റീസര്‍വ്വെ സൂപ്രണ്ടുമാര്‍, അസിസ്റ്റന്‍ഡ് ഡയറക്ടര്‍മാര്‍, താലൂക്ക് ഓഫീസുകള്‍ക്ക് കീഴിലുള്ള റീ സര്‍വ്വെയുടെ ചുമതലയുള്ള അഡിഷണല്‍ തഹസീല്‍ദാര്‍മാര്‍ എന്നിവരുടെ ഓഫീസുകളിലായിരുന്നു വിജിലന്‍സിന്റെ പരിശോധന നടന്നത്. പാവപ്പെട്ടവരുടെ ജീവിതത്തെ ബാധിക്കുന്നതായിട്ടുപോലും രേഖകള്‍ പലതും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയും വനം വകുപ്പിന്റെ ഭൂമിയും അന്യാധിനപ്പെടുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്നും പറയുന്നു.
കൈക്കൂലി വാങ്ങിയശേഷം സ്വകാര്യ ഭൂമികള്‍ പോലും താല്പര്യമുള്ളവര്‍ക്കുവേണ്ടി കൂട്ടിച്ചേര്‍ത്ത് നല്‍കുക, സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറുന്നതിന് ഒത്താശ ചെയ്യുക, ചെയിന്‍കൂലി  എന്ന പേരില്‍ നടക്കുന്ന കൈക്കൂലി ഇടപാട് തുടങ്ങി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഇവയെല്ലാം ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്നാണ് വിജിലന്‍സിന്റെ നിഗമനം. ഓഫീസുകളില്‍ സൂക്ഷിക്കുന്നതിനുപകരം ഉദ്യോഗസ്ഥര്‍ ഫയലുകളെല്ലാം വീട്ടില്‍ കൊണ്ടുപോകുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പലരും ഈ സൌകര്യം ദുരുപയോഗം ചെയ്താണ് വന്‍ കോഴ കൈപ്പറ്റുന്നത്.
രേഖകള്‍ സൂക്ഷിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് നല്കിയിട്ടുള്ള പ്രിന്റ് ചെയ്ത അപേക്ഷകളിലൊന്നും രേഖപ്പെടുത്താതെയാണ് പലയിടത്തും സൂക്ഷിച്ചിട്ടുള്ളത്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് സീനിയോറിറ്റി നല്‍കണമെന്ന അടിസ്ഥാന തത്വം പോലും പാലിക്കപ്പെടുന്നില്ല. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളെല്ലാം അട്ടിമറിച്ചിരിക്കുകയാണ്. കൈക്കൂലി വ്യാപകമാണെന്നതിന്റെ പ്രകടനോദാഹരണമാണ് ഈ സീനിയോറിറ്റി ലംഘനമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അപേക്ഷകള്‍ കിട്ടിയാല്‍ രസീതുകള്‍ നല്കണമെന്ന നിര്‍ദ്ദേശം വ്യാപകമായി ലംഘിക്കപ്പെട്ടത് കൈക്കൂലിക്ക് കളമൊരുക്കാനാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
റെയിഡ് നടന്ന ഓഫീസുകളില്‍ നിന്ന് പരിശോധനയ്ക്കാവശ്യമായ ഫയലുകള്‍ എത്തിച്ച് നല്‍കാന്‍ വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
കടപ്പാട് - മാതൃഭൂമി 13-10-2011 പേജ് നമ്പര്‍ 7

No comments:

Post a Comment